പാലക്കാട്: തൃത്താലയിലെ യുനാനി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഗുരുതര മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളാണ് പിടികൂടിയതിൽ അധികവും. ചികിത്സാ കേന്ദ്രത്തിന്‍റെ ഉടമ മുഹമ്മദലി മുസ്ലിയാർ ഒളിവിലാണ്.
യുനാനി ക്ലിനിക്കിനോട് ചേർന്ന കേന്ദ്രത്തിലാണ് അലോപ്പതി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. 27 ബോക്സുകളിലായി 24 ലക്ഷം രൂപയുടെ അലോപ്പതി മരുന്നുകളാണ് കണ്ടെത്തിയത്. ഗുരുതര മാനസിക രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളാണ് കൂടുതലായി കണ്ടെത്തിയത്. അംഗീകൃത ഡോക്ടറുടെ വ്യക്തമായ കുറിപ്പടിയോടെ മാത്രം നൽകേണ്ട മരുന്നുകളാണിത്. ആന്‍റി ബയോട്ടിക്കുകളും കണ്ടെത്തി.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും വൈദ്യൻ മുഹമ്മദലി മുസ്ലിയാർ മുങ്ങി. അനധികൃതമായി മരുന്നുകൾ കൈവശം വെച്ച മുഹമ്മദലി മുസ്ലിയാർക്കെതിരെ കൂടുതൽ നടപടികള്‍ക്ക് ശുപാർശ ചെയ്യുമെന്ന് ഡ്രഗ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാള്‍ക്ക് മറ്റ് ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിൽ അവിടെയും പരിശോധന നടത്തുമെന്ന് ഡിസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments