
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്. കഴിഞ്ഞ പ്രാവശ്യവും അതുതന്നെയാണ് കണ്ടെത്തിയത്. ഇപ്രാവശ്യവും അങ്ങനെയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.
‘തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ കാരണങ്ങളെല്ലാം ഞങ്ങള്‍ ആദ്യമേ മനസ്സിലാക്കിയിട്ടും ജയിക്കാന്‍ സാധിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതിന്റെ അര്‍ത്ഥം ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷമമായ പരിശോധനയില്‍ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തനം കാര്യക്ഷമതയോടെ നടത്താന്‍ കഴിയണം’, ഗോവിന്ദൻ പറഞ്ഞു.
കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. നല്ല പരാജയമുണ്ടായി. ഒരു സീറ്റ് ബിജെപിക്ക് നേടാനായി എന്നതാണ് അപകടരമായ കാര്യം. ദേശീയരാഷ്ട്രീയം എല്ലാ കാലത്തും ചര്‍ച്ചചെയ്യുന്നവരാണ് കേരളീയ ജനത. സ്വാഭാവികമായും ദേശീയതലത്തില്‍ ഒരു സര്‍ക്കാരിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നുള്ളതുകൊണ്ട് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്. കഴിഞ്ഞ പ്രാവശ്യവും അതുതന്നെയാണ് കണ്ടെത്തിയത്. ഇപ്രാവശ്യവും അങ്ങനെയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇതിനൊപ്പം ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഉള്‍പ്പടെയുള്ളവരുമായി ലീഗ്-കോണ്‍ഗ്രസ് ഐക്യം വര്‍ഗീയ ധ്രുവീകരണ ഉണ്ടാകുന്ന തരത്തില്‍ കൂട്ടുക്കെട്ടുണ്ടാക്കി ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ അപകടമുണ്ടാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ശക്തികള്‍ക്ക് ഇതിനെ എതിര്‍ക്കാനാകണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘വ്യത്യസ്ത ജാതി വിഭാഗങ്ങളും സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളും വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെടുന്ന സ്ഥിതിയുണ്ടായി. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോടുകൂടി ബിജെപി അജണ്ടയുടെ ഭാഗമായി എസ്എന്‍ഡിപിയിലേക്ക് കടന്നുകയറി. എസ്എന്‍ഡിപിയില്‍ വര്‍ഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടല്‍മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തി’, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു എന്നതും പ്രധാനപ്പെട്ടതാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ജാതീയ വിഭാഗങ്ങളെ മാത്രമല്ല മത വിഭാഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. ചില ബിഷപ്പുമാര്‍ ബിജെപി പരിപാടികളില്‍ പങ്കെടുത്തുവെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ജാഗ്രതയോടെ ഗൗരവപൂര്‍വ്വം ജനങ്ങളെ സമീപിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരള വിരുദ്ധ സമീപനമാണ് എടുത്തുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് കൃത്യതയോടെ നല്‍കേണ്ടിയിരുന്ന നിരവധി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റേതാണ് എന്ന് പറയാമെങ്കിലും അതിന്റെ പ്രശ്‌നം ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.
വലതുപക്ഷ മാധ്യമങ്ങള്‍ എടുത്ത നിലപാടും വളരെ പ്രധാനമാണ്. സര്‍ക്കാരിനും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എതിരായിട്ടുള്ളതാണ് മാധ്യമങ്ങളുടെ നിലപാട്. പിണറായിയെ ഒറ്റപ്പെടുത്താന്‍ യുഡിഎഫും മാധ്യമങ്ങളും ബോധപൂര്‍വ്വമായ ശ്രമംനടത്തി. അതിപ്പോഴും തുടരുകയാണ്. അത് ഒരുപരിധിവരെ ജനങ്ങളില്‍ സ്വാധീനംചെലുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments