ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്തും സര്‍പ്പാരാധന നില്നില്ക്കുന്നുണ്ട്. സര്‍പ്പത്തിനെ ആരാധിക്കുന്നവരോ ബഹുമാനിക്കുന്നവരോ ആയ രാജ്യങ്ങള്‍ നിരവധിയുണ്ട്. ഇന്ത്യന്‍ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ഒന്നായ രാഹുവിനെപ്പോലെ ചൈനീസ് ജ്യോതിഷത്തില്‍ രാഹു (സര്‍പ്പന്‍) ഒരു രാശിയുടെ അധിപന് കൂടിയാണ്. സര്‍പ്പരാശിയില്‍ ജനിക്കുന്നവന്‍ വലിയ ധനികനും ആരെയും വശീകരിക്കാന്‍ കഴിവുള്ളവനുമാകുമെന്ന് പറയുന്നു.
ആദി മനുഷ്യന്റെ മനസ്സില്‍ അന്തര്‍ജ്ഞാനത്തിലൂടെ തെളിഞ്ഞ ചിഹ്നങ്ങള്‍ പേരുകളായി തീര്‍ന്നതാണ്. ഓം, താമര, സിംഹം, കഴുകന്, സര്‍പ്പം എന്നിങ്ങനെ ഒട്ടേറെ സിംബലുകളുണ്ട് എന്നാണു പറയപ്പെടുന്നത്. ഈജിപ്ഷ്യന്‍ പുരാണങ്ങളിലും എല്ലാ ജീവികളുടേയും ആദിജനനിയായ സര്‍പ്പത്തെപ്പറ്റി പറയുന്നുണ്ട്. ചില ഗോത്രവര്‍ഗ്ഗക്കാര്‍ മനുഷ്യനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടിയാണ് സര്‍പ്പമെന്ന് വിശ്വസിക്കുന്നു. വടക്കന്‍ അമേരിക്കയില്‍ ഹോപ്പി വര്‍ഗ്ഗക്കാരായ സ്ത്രീപുരുഷന്മാര് സര്‍പ്പങ്ങളെ ആഭരണമായി ധരിച്ച് നൃത്തം ചെയ്യാറുണ്ട്.
‘ക്രീറ്റി’ലെ ഒരു ദേവി ധരിക്കുന്ന യോഗദണ്ഡില്‍ ഒരു സര്‍പ്പം ചുറ്റിക്കിടപ്പുണ്ട്. സ്ത്രീയുടെ ശിരസ്സോടുകൂടിയ ഒരു സര്‍പ്പമാണ് ആദ്യത്തെ മനുഷ്യര്‍ക്ക് ജന്മം നല്‍കിയതെന്ന് ചൈനീസ് പുരാണം പറയുന്നു. യവനപുരാണത്തില്‍ ശൂന്യതയില്‍നിന്ന് ആദ്യം ‘യുനിനോം’ എന്ന ദേവിയും, പിന്നീട് ‘ഓഫിയോണ്‍’ എന്ന സര്‍പ്പവുമുണ്ടായി എന്നാണ് പറയുന്നത്. ദേവി ഇവിടെ ‘നഗ്ന’യായിരുന്നു.
അവളുടെ നഗ്നശരീരം കണ്ട് വികാരവിവശനായ ഓഫിയോണ്‍ അവളോട് ഇണചേര്‍ന്നു.
യൂറിനോം ദേവി ഒരു പ്രാവായി പറന്ന് കടലിലെ തിരമാലകള്‍ക്ക് മുകളില്‍ ഒരു അണ്ഡം നിക്ഷേപിച്ചു. ഓഫിയോണ്‍ ആ അണ്ഡത്തിന് മുകളില്‍ അടയിരുന്നു. ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളും ഈ അണ്ഡത്തില് നിന്നുണ്ടായതാണത്രെ?
അതേസമയം, നാഗദൈവങ്ങളെ ആരാധിക്കുന്ന ഒരു വംശം തന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നു. ‘തക്ഷകര്‍’ എന്ന പേരിലാണ് ഇവര്‍ ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ‘നാഗന്മാര്’ എന്ന പേര് പ്രസിദ്ധമായി. നാഗ്പൂര്‍, നാഗപട്ടണം, നാഗദ്വീപ്, നാഗര്‍ കോവില്‍ എന്നീ സ്ഥലനാമങ്ങള്‍ക്കെല്ലാം സര്‍പ്പവുമായി ബന്ധമുണ്ട്.
മനുഷ്യവര്‍ഗ്ഗത്തിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ‘നാഗലോക’വും ‘നാഗവംശ’വുമായി സമ്പര്‍ക്കമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ആദ്ധ്യാത്മികമായി നാഗന്മാര് മുന്‍പന്തിയിലായിരുന്നു. അവരുടെ ജ്ഞാനവിജ്ഞാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാംവണ്ണം അവര്‍ ഉപയോഗിച്ചിരുന്നു.
അവര്‍ക്ക് രാജ്യവും രാജാവും പ്രജകളുമുണ്ടായിരുന്നു. ‘യോഗശാസ്ത്ര’ കര്‍ത്താവായ ‘പതഞ്ജലി’ മഹര്‍ഷി ഒരു നാഗനായിരുന്നുവെന്നും പറയപ്പെടുന്നു. കുണ്ഡലിനി ശക്തിയെക്കുറിച്ച് ലോകവാസികള്‍ അറിഞ്ഞത് നാഗന്മാരില്‍നിന്നാണ്. ഇങ്ങനെ പല രാജ്യങ്ങളിലും നാഗങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്കുന്നു.
Post Your Comments