കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. വൈപ്പിന്‍ സ്വദേശിനിയായ ജയ (47)യ്ക്കാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരായ മൂന്ന് പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായും ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവച്ചാണ് അക്രമമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയില്‍ എത്തിയപ്പോള്‍ രണ്ട് സുഹൃത്തുക്കളെ കൂടി ഇയാള്‍ ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞതോടെ ജയ അവിടേക്ക് വാഹനം തിരിച്ചു.
പണം മറ്റൊരിടത്തു നിന്ന് വാങ്ങി ആശുപത്രിയില്‍ കൊടുക്കണമെന്ന് പറഞ്ഞതോടെ അവിടേക്കും പോകുകയായിരുന്നു. ഒടുവില്‍ ഇവരുടെ വാഹനം കുഴുപ്പിള്ളിക്ക് സമീപം ചാത്തങ്ങാട് ബീച്ചിലാണ് ഉള്ളതെന്നും അവിടേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഏകദേശം പത്ത് മണിയോടെ ബീച്ചിന്റെ ഭാഗത്തെത്തിയതോടെ ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പട്ടു. രാത്രി ഇനിയും ഓട്ടം തുടരാന്‍ കഴിയില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പാടാക്കി തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നു ഒരു യുവാവ് സംഭവം തിരക്കുകയും തുടര്‍ന്ന് ജയക്കൊപ്പം ഓട്ടോ ഒടിക്കുന്ന ഇല്യാസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഓട്ടോ കടപ്പുറത്തെത്തിയപ്പോള്‍ വണ്ടിയില്‍ നിന്നിറക്കി കുനിച്ചുനിര്‍ത്തി മുതുകിന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഇല്യാസ് പറഞ്ഞു. യുവാക്കളുടെ വാഹനം ബീച്ചിലിരിക്കുകയാണെന്നാണ് പറഞ്ഞാണ് ജയയെ അവിടെയെത്തിച്ചതെന്നും ഇല്യാസ് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം സമീപത്തെ ആശുപത്രിയലെത്തിച്ചപ്പോള്‍ സ്‌കാനിങ്ങില്‍ നെഞ്ചിലെ എല്ലിനുള്‍പ്പെടെ പൊട്ടലുള്ളതിനാല്‍ വിദഗ്ദ ചികിത്സക്കായി ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി ഓട്ടോ ഓടിക്കുന്നയാളാണ് ജയയെന്നും ആരോ മനപ്പൂര്‍വ്വം ചെയ്യിച്ചതാണോയെന്നാണ് സംശയമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജയയ്ക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരിയും സുഹൃത്തും പറഞ്ഞു.
അതേസമയം ഓട്ടോയില്‍ യാത്ര ചെയ്തവരെ ഇതിന് മുമ്പ് പരിചയമില്ലെന്നും ഇവരുടെ സംസാരത്തില്‍ നിന്നും ഉദയ കോളനിയിലുള്ളവരാണെന്നാണ് സംശയിക്കുന്നതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments