തിരുവനന്തപുരം: സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി. നെയ്യാറ്റിന്‍കര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിള വീട്ടില്‍ മണിലാല്‍(52), ഭാര്യ സ്മിത(45), മകന്‍ അഭിലാല്‍(22) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പരാധീനത കാരണം കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാല്‍ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാര്‍ഡ് കൗണ്‍സിലര്‍ മഹേഷിനെയും വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് മകനോടൊപ്പം കൗണ്‍സിലറെത്തിയപ്പോള്‍ വീടിനുപുറത്തുവെച്ച് കുപ്പിയില്‍ കരുതിയ ദ്രാവകം കുടിക്കാന്‍ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളില്‍ അവശനിലയില്‍ കണ്ടത്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി.
പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണം സംഭവിച്ചതിനാല്‍ സയനൈഡ് പോലുള്ള വിഷവസ്തുവെന്തെങ്കിലുമാകാം ഇവര്‍ കഴിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവര്‍ഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാല്‍. ഭാര്യ സ്മിത നെയ്യാറ്റിന്‍കരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകന്‍ അഭിലാല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞുനില്‍ക്കുകയായിരുന്നു.
സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Post Your Comments