Latest NewsKerala

ശിവകുമാർ പറഞ്ഞ മൃ​ഗബലി രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നിട്ടില്ല, മറ്റെവിടെയങ്കിലും നടന്നോ എന്ന് അന്വേഷിക്കും: മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരെ മൃ​ഗബലിയും ശത്രുസംഹാര പൂജയും നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം സംബന്ധിച്ച് അന്വേഷിച്ചെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ രാജരാജേശ്വരി ക്ഷേത്രത്തിൽ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെവിടെയങ്കിലും മൃ​ഗബലി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജരാജേശ്വരി ക്ഷേത്രത്തിൽ മൃ​ഗബലി നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് ഡി കെ ശിവകുമാറും രം​ഗത്തെത്തി. ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്നാണ് ഡി കെ പിന്നീട് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും ഡി കെ ശിവകുമാർ ആരോപിക്കുന്നു.

‘ദേവി രാജരാജേശ്വരിയുടെ വലിയ ഭക്തനാണ് ഞാൻ. ‘ശത്രുസംഹാരപൂജ’ നടന്നത് രാജരാജേശ്വരക്ഷേത്രത്തിൽ അല്ല എന്ന് എനിക്കറിയാം. എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണ്. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്ത് നടന്ന പൂജയെ കുറിച്ചാണ് ഞാൻ പറഞ്ഞത്.’ -ഡി.കെ. ശിവകുമാർ എക്‌സിൽ കുറിച്ചു.

‘പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാൻ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമർശം നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിൽനിന്ന് അനുഗ്രഹം ലഭിക്കാൻ കുറച്ചുകാലം മുമ്പ് എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനാൽ എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ്.’ -ഡി.കെ. പറഞ്ഞു.

കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ തനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിൽ മൃ​ഗബലിയും യാ​ഗവും നടത്തിയെന്നായിരുന്നു ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. മൃഗങ്ങളെ ബലി നൽകുന്നത് ഉൾപ്പെടെയുള്ള ശത്രുസംഹാരപൂജയാണ് നടന്നതെന്നാണ് ഡി.കെ. ശിവകുമാർ നേരത്തേ ആരോപിച്ചത്. വിശ്വസനീയമായ വിവരമാണ് തനിക്ക് ലഭിച്ചത്. ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങളാണ് നടത്തിയത്. കേരളത്തിൽ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് നൽകിയതെന്നും ഡി.കെ. പറഞ്ഞിരുന്നു.

‘അഘോരികൾ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങൾ) അനുഷ്ഠാനങ്ങൾ നടത്തിയിരുന്നതായും ഞങ്ങൾക്ക് വിവരമുണ്ട്. 21 ആടുകൾ, മൂന്ന് പോത്തുകൾ, 21 കറുത്ത ചെമ്മരിയാടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം വിശ്വസിക്കുന്ന ശക്തികൾ നമ്മെ സംരക്ഷിക്കും. വീട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാൻ എപ്പോഴും പ്രാർത്ഥനകൾ അർപ്പിക്കാറുണ്ട്’, ശിവകുമാർ പറഞ്ഞു.

എന്നാൽ, യാഗം നടത്തിയ ഒരാളുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കർണാടകയിലെ ചില രാഷ്ട്രീയക്കാർ ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആരാണ് ഈ യാഗങ്ങൾ ചെയ്തതെന്ന് തങ്ങൾക്കറിയാം. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ലക്ഷ്യംവെച്ചിരിക്കും. അവർ അത് ചെയ്യട്ടെ. താൻ ദൈവത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ, മന്ത്രവാദത്തിൽ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഏതെങ്കിലും തരത്തിലുള്ള പൂജയോ യാഗമോ നടത്തിയോ എന്ന ചോദ്യത്തിന്, താൻ വീട്ടിൽനിന്നിറങ്ങുന്നതിന് മുമ്പ് എപ്പോഴും പ്രാർഥിക്കാറുണ്ടെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. അത് തനിക്ക് സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button