Latest NewsIndia

രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം: മരിച്ചവരിൽ ഗെയിമിങ്ങ് സെൻ്റർ ഉടമയും

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ടിആർപി ഉടമയും. രാജ്‌കോട്ടിലെ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രകാശ് ഹിരണിനെ കാണാനില്ലെന്ന് പ്രകാശിൻ്റെ സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തീപിടിത്ത സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രകാശ് ഹിരൺ ഗെയിമിംഗ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിൻ്റെ കാർ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.തീപിടുത്തം ഉണ്ടായത്തിന് ശേഷം പ്രകാശുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും എല്ലാ ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിനോട് പറഞ്ഞിരുന്നത്. സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകൾ പ്രകാശിൻ്റെ അമ്മയുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടു. അതിനെ തുടർന്നാണ് മരിച്ചത് പ്രകാശ് ഹിരണാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ഗെയിം സോണിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹിരൺ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ടിആർപി ഗെയിം സോൺ നടത്തിയ ധവൽ കോർപ്പറേഷൻ്റെ പ്രൊപ്രൈറ്റർ ധവൽ തക്കറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ റേസ്‌വേ എൻ്റർപ്രൈസസിൻ്റെ ബിസിനസ് പങ്കാളികളായ യുവരാജ്‌സിംഗ് സോളങ്കി , രാഹുൽ റാത്തോഡ്, ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ശനിയാഴ്ച രാജ്‌കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ 27 പേരാണ് മരിച്ചത്.

തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവം വേദനാജനകമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

 

 

shortlink

Post Your Comments


Back to top button