Latest NewsKerala

ഗുണ്ടയുടെ വീട്ടിലെത്തിയത് മസിനഗുഡി യാത്രയ്ക്കുശേഷം, വീട് സന്ദര്‍ശനം കൗതുകം കൊണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി

അങ്കമാലി: മസിനഗുഡിയില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങുംവഴിയാണ് ഡിവൈ.എസ്.പി.യും മൂന്നു പോലീസുകാരും ഫൈസലിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ അങ്കമാലിയില്‍ എത്തിയ സംഘം ഫൈസല്‍ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് പോയത്.

അടുത്തിടെ ഒരു സിനിമ റിലീസ്‌ചെയ്ത ദിവസം ആലുവയില്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ തമ്മനം ഫൈസല്‍ പങ്കെടുത്തിരുന്നു. ഫൈസലിനെ നേരിട്ടുകാണാനുള്ള കൗതുകംകൊണ്ടാണ് വീട് സന്ദര്‍ശിച്ചതെന്നാണ് സസ്പെന്‍ഷനിലായ പോലീസുകാര്‍ മൊഴിനല്‍കിയത്.

പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനുപിന്നാലെ തമ്മനം ഫൈസലിനെയും കൂട്ടാളിയെയും നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി. തുടര്‍ന്ന് ഇരുവരേയും വിട്ടയച്ചു.

തന്റെ വീട്ടില്‍ ആരും വന്നിട്ടില്ലെന്നാണ് ഫൈസലിന്റെ പ്രതികരണം. കൂട്ടുകാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഫൈസല്‍ പറയുന്നു. അതേസമയം, മുമ്പും ആരോപണം നേരിട്ടയാളാണ് ഡിവൈ.എസ്.പി.യെന്നാണ് വിവരം.

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുകേസില്‍ ആലപ്പുഴയിലെ സി.പി.എം. നേതാവിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് ചര്‍ച്ചയായിരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയനത്തെവീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസിന് മുന്നിൽ ആണ് ഡിവൈ.എസ്.പി.യും മൂന്നു പോലീസുകാരും കുടുങ്ങിയത് .

shortlink

Post Your Comments


Back to top button