പാലക്കാട്: അവയവത്തട്ടിപ്പിന് ഇരയായെന്നു കരുതുന്ന പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്‍ വിദേശത്തെന്നു സൂചന. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ, ഷമീര്‍ ബാങ്കോക്കില്‍ നിന്ന് സാമൂഹിക മാധ്യമം വഴി നാട്ടിലെ ചില സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. ബാങ്കോക്കില്‍ നിന്ന് മലേഷ്യയിലേക്ക് തിരിക്കുന്നതായി ബുധനാഴ്ച സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതായും വിവരമുണ്ട്.
ട്രൗസര്‍മാത്രം ധരിച്ച്, തന്റെ വൃക്കയെടുത്ത ശരീരം ഇതാണെന്ന് പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം ഷമീര്‍ പോസ്റ്റ ്‌ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് എവിടെ നിന്ന്, എപ്പോള്‍ ചിത്രീകരിച്ചതാണെന്നു വ്യക്തമല്ല. ഷമീറിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ ജില്ലാ പോലീസ് അന്വേഷിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് നാടുവിട്ട യുവാവിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് പിതാവ് ബഷീര്‍ പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചിരുന്നു.
പണത്തിന്റെ പേരില്‍ വീട്ടുകാരുമായി പിണങ്ങിയാണ് ഷമീര്‍ നാടുവിട്ടത്. നേരത്തേ, തിരുനെല്ലായിയില്‍ താമസിച്ചിരുന്ന ഷമീറിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ പിരായിരി പഞ്ചായത്തിലെ പള്ളിക്കുളത്ത് വാടകയ്ക്കാണു താമസം. ഷമീറിന്റെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളൊന്നും വീട്ടിലില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഷമീറിനു പണം കടം നല്‍കിയ ചിലര്‍ കഴിഞ്ഞദിവസം തന്നെ ബന്ധപ്പെട്ടിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ മണലാഞ്ചേരി പറഞ്ഞു. ഷമീറിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ അറിയാമോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഷമീറിന്റെ സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സുഹൃത്തുക്കളുമായി വീട്ടില്‍നിന്ന് പോയശേഷം ഷമീര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് പോലീസിനും ലഭിച്ച വിവരം.
ഇറാന്‍ കേന്ദ്രീകരിച്ചുനടന്ന അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സാബിത്ത് കൊച്ചിയില്‍ പിടിയിലായതോടെയാണ് ഷമീര്‍ ഉള്‍പ്പെടെ നിരവധിപേര്‍ തട്ടിപ്പിനിരയായതായുള്ള വിവരം പുറത്തുവന്നത്. 20 പേരെ ഇറാനിലെത്തിച്ചതില്‍ ഷമീര്‍ മാത്രമാണ് മലയാളിയെന്നാണ് സാബിത്ത് നല്‍കിയിട്ടുള്ള മൊഴി.
Post Your Comments