തിരുവനന്തപുരം: മായാ മുരളി തന്നെ ഉപേക്ഷിച്ചു വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി രഞ്ജിത്ത്. ഓട്ടിസം ബാധിച്ച മായയുടെ മൂത്ത കുഞ്ഞിനെ ആശുപത്രിയില്‍ ഇരുവരും സന്ദര്‍ശിച്ച് മടങ്ങിയ 8ന് രാത്രിയാണ് മായയെ കൊലപ്പെടുത്തിയത്. മടക്കയാത്രയില്‍ തിരികെ കുട്ടികളുടെ അടുത്തേക്കു പോകുന്ന കാര്യം മായ സൂചിപ്പിച്ചിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടാവുകയും അത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. നെറ്റിയുടെ മധ്യഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്നു തിരിച്ചറിഞ്ഞതോടെ രഞ്ജിത്ത് പ്രതിയായി.
Read Also: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
ഒന്നരക്കൊല്ലം മുന്‍പ് ഓട്ടോറിക്ഷ ഓടിക്കാന്‍ എത്തിയാണ് രഞ്ജിത്ത് മായയുമായി സൗഹൃദം സ്ഥാപിച്ചത്. ഭര്‍ത്താവ് നഷ്ടപ്പെട്ട മായ 8 മാസം മുന്‍പാണ് രഞ്ജിത്തിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. പേരൂര്‍ക്കട ഹാര്‍വിപുരം ഭാവന നിലയത്തില്‍ മായാ മുരളിയെ (37) ഇടിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടപ്പനക്കുന്ന് അമ്പഴംകോട് വാറുവിളാകത്ത് വീട്ടില്‍ ടി.രഞ്ജിത്ത് (31) കുറ്റസമ്മതം നടത്തുകയായിരുന്നു.
തന്നെ ഉപേക്ഷിച്ച് മായ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ് രഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്നു സമ്മതിച്ചതായി ഡിവൈഎസ്പി സി.ജയകുമാര്‍ പറഞ്ഞു. തമിഴ്‌നാട് തേനിയില്‍ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്. മായയുടെ രണ്ടു കുട്ടികള്‍ ഇവര്‍ക്കൊപ്പമായിരുന്നു. പിന്നീട് മായയുടെ വീട്ടുകാരും ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഏറ്റെടുത്തു. ഓട്ടിസം ബാധിച്ച മൂത്ത കുട്ടിയുടെ സംരക്ഷണം രഞ്ജിത്തില്‍ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് ബന്ധുക്കള്‍ കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു.
മുതിയാവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഈ മാസം 9ന് മായയെ മരിച്ച നിലയില്‍ വീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും 8ന് രാത്രി വഴക്കിട്ടു. ബന്ധം ഉപേക്ഷിച്ച് തിരിച്ച് തന്റെ വീട്ടിലേക്ക് പോകുമെന്ന് മായ പറഞ്ഞതോടെ പ്രകോപിതനായ രഞ്ജിത്ത് ക്രൂരമായി മര്‍ദിച്ചു. രക്ഷപ്പെടാന്‍ ഇറങ്ങി ഓടിയ മായയെ പിന്തുടര്‍ന്നെത്തി മുഖത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍പ് പല സ്ത്രീകള്‍ക്കൊപ്പവും കഴിഞ്ഞിരുന്ന രഞ്ജിത്ത് ഇവരെയും ക്രൂരമായ മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments