തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂര്‍ കിഴക്കെകോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില്‍ തകര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയില്‍ വെള്ളം കയറി.
Read Also:കാഞ്ഞങ്ങാട് ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച: വാഹനങ്ങൾ വഴി തിരിച്ചുവിട്ടു
കനത്ത മഴയില്‍ കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍ നടക്കാവ് ദേശീയപാത സര്‍വീസ് റോഡ് തകര്‍ന്നു. ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. സുരേഷ് എന്ന തൊഴിലാളി താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ആര്‍ക്കും പരിക്കില്ല. തൃശ്ശൂര്‍ ചേറ്റുപുഴ റോഡില്‍ ഒരു വലിയ മാവ് കടപുഴകി വീണു. പുലര്‍ച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂര്‍ അഗ്‌നിരക്ഷ നിലയത്തില്‍ നിന്നുള്ള സംഘം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം നീക്കം ചെയ്തു.
കൊച്ചിയില്‍ വീണ്ടും കനത്ത മഴ തുടരുകയാണ്. വിവിധ റോഡുകളില്‍ വെള്ളം കയറി തുടങ്ങി. കലൂര്‍ ആസാദ് റോഡില്‍ വെള്ളക്കെട്ട് ഉണ്ട്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു. അപകടത്തില്‍ പൊലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പാലക്കാട് കല്ലടിക്കോട് ഇടിമിന്നലില്‍ വീടിന് തീ പിടിച്ചു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. കരിമ്പ അയ്യപ്പന്‍കോട്ട മമ്പുറം സ്വദേശി കണ്ണന്റെ വീടാണ് കത്തി നശിച്ചത്. വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് നിന്ന് മീന്‍പിടിത്തത്തിന് പോകരുത്. തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തമണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. നാളെയോടെ കേരളത്തില്‍ മഴയുടെ ശക്തിയില്‍ അല്പം കുറവുണ്ടായേക്കും.
Post Your Comments