തിരുവനന്തപുരം: കൊടും വേനലിന് അറുതി വരുത്തി സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെട്ടു. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടി. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കാലവര്‍ഷം പതിവ് സമയത്ത് തന്നെ ഇത്തവണ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് വിലയിരുത്തലുകള്‍.
Read Also: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു: ആശങ്ക, കടുത്ത ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ടയിലെ തിരുവല്ല, തിരുവനന്തപുരത്തെ പെരിങ്ങമല, എറണാകുളത്തെ കീരാംപാറ, കണ്ണൂരിലെ പന്നീയൂര്‍, ഇടുക്കിയിലെ പാമ്പാടുംപാറ തുടങ്ങി പല പ്രദേശങ്ങളിലും ഇന്നലെ മഴ ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ മഴ തുടര്‍ന്നേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ മെച്ചപ്പെട്ടതോടെ മിക്കയിടത്തും ഉയര്‍ന്ന താപനിലയില്‍ കുറവുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
കേരളത്തിന് കുറുകെയായുള്ള ന്യൂനമര്‍ദ്ദപാത്തിയും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം മഴ മെച്ചപ്പെടാന്‍ കാരണം. ഇനി മണ്‍സൂണിന് തയ്യാറെടുക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
സാധാരണ ജൂണ്‍ ഒന്നിന് തുടങ്ങുന്ന കാലവര്‍ഷം എട്ട് ദിവസം വൈകിയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തുടങ്ങിയത്. 34 ശതമാനം കുറവ് മഴയാണ് 2023ല്‍ കിട്ടിയത്. എല്‍ നിനോ കഴിഞ്ഞ് വരുന്ന വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ സമയത്ത് കേരളത്തില്‍ കൂടുതല്‍ മഴ കിട്ടാറുണ്ട്. ഇത്തവണയും അതിവര്‍ഷ സാധ്യതകള്‍ക്ക് കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പുകള്‍.
Post Your Comments