പാലക്കാട്: ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. ട്രെയിനിൻ്റെ വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. അതേസമയം, വേഗം കുറവായതിനാലാണ് ആനയെ ഇടിച്ചിട്ടും ട്രെയിൻ പാളം തെറ്റാതിരുന്നതും വൻ ദുരന്തം ഒഴിവായതുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നു രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് വ്യക്തമാക്കി. മലമ്പുഴ– കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്നലെ രാത്രി 11.15നാണ് സംഭവം. കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസ് ട്രെയിൻ (12624) ഇടിച്ചാണ് രണ്ടുവയസുള്ള പിടിയാന ചരിഞ്ഞത്. കൊട്ടേക്കാട് പന്നിമട ഭാഗത്താണ് ആനക്കൂട്ടം ട്രാക്കു കടന്നത്.
ട്രെയിൻ തട്ടി ട്രാക്കിനു സമീപം വീണ ആന 15 മിനിറ്റിനു ശേഷം എഴുന്നേറ്റ് വനമേഖലയിലേക്ക് പോയെന്നാണ് ഇവർ നൽകുന്ന വിവരം. റെയിൽവേ അധികൃതർ വിവരം നൽകിയതിനെ തുടർന്നു വാളയാർ റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിൽ പരുക്കേറ്റ പിടിയാനയെ രാത്രി വൈകി അഗസ്റ്റിൻ ടെക്സ്റ്റൈൽ കമ്പനിക്കടുത്തുള്ള വനയോര മേഖലയിൽ കണ്ടെത്തിയിരുന്നു. പിന്നീടു പ്രാഥമിക ചികിത്സയ്ക്കിടെ പുലർച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്.
അപകടത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് കൊട്ടേക്കാട്– പന്നിമട വനമേഖലയ്ക്കു സമീപം രാത്രി പിടിച്ചിട്ടു. ആനക്കൂട്ടം മാറിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ വേഗം കുറച്ച് കടന്നുപോയത്. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.
Post Your Comments