ബെംഗളൂരു: മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാര്‍ക്കിലേക്കാണെന്ന് അമ്മയോട് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്നിറങ്ങിയത്. പാര്‍ക്കില്‍ ഒരാളെ കാണാന്‍ പോകുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച മാതാവ് മകളെ പിന്തുടര്‍ന്ന് പാര്‍ക്കിലേക്ക് പോകുകയായിരുന്നു. പാര്‍ക്കില്‍ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടന്‍ തന്നെ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് കൊല്ലപ്പെടുന്നത്. ജയനഗറിലെ സരക്കി പാര്‍ക്കില്‍ വൈകിട്ട് 4.45 ഓടെയാണ് അനുഷയും സുരേഷും കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ലോകേഷ് ഭരമപ്പ ജഗലസര്‍ പറഞ്ഞു.
അനുഷയും സുരേഷും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തില്‍ നിന്നും അനുഷ അകന്നു തുടങ്ങിയതിനെ തുടര്‍ന്ന് ഇരുവരും പാര്‍ക്കില്‍ വച്ച് വാക്കേറ്റമുണ്ടായെന്നും അത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
കത്തി കൊണ്ട് സുരേഷ് അവളെ രണ്ടുതവണ കുത്തിയതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ‘ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, സുരേഷാണ് അനുഷയെ കുത്തിയതെന്ന് മനസ്സിലാക്കുന്നു. അനുഷയെ രക്ഷിക്കാന്‍ ഓടിയെത്തിയ അനുഷയുടെ അമ്മ സുരേഷിന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും അയാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
അനുഷയുടെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അനുഷ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയുടെ അമ്മയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments