ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബെംഗളൂരുവിന് ആശ്വാസമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (ഏപ്രില്‍ 19 – 23) മഴ പെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്. കൊടുംചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു നിവാസികള്‍.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാര്‍വാഡ്, ഗഡഗ്, ഹാവേരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, ചാമരാജനഗര്‍, ചിക്കബെല്ലാപൂര്‍, ചിക്കമംഗളൂരു, ചിത്രദുര്‍ഗ, ദാവണഗരെ, ഹാസന്‍, കുടക്, കോലാര്‍, മാണ്ഡ്യ, മൈസൂര്‍, രാമനഗര, ശിവമോഗ് തുമകുരു, വിജയനഗര, ബിദര്‍, കലബുറഗി, റായ്ച്ചൂര്‍, വിജയപുര, യാദ്ഗിര്‍, ബല്ലാരി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.
ചിക്കമംഗളൂരു, ഹാസന്‍, കുടക്, ശിവമോഗ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
ഏപ്രില്‍ 21 വരെ കര്‍ണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ബെംഗളൂരു നഗരത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വൈകുന്നേരമോ രാത്രിയോ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments