ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് മന്ത്രി എസ്. ജയശങ്കര്‍: കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചർച്ചചെയ്തു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നവയുടെ ഉപയോഗത്തോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്.

Share
Leave a Comment