വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആചാരങ്ങളാണ്. വിഷുക്കണിയാണ് ഇതില്‍ പ്രധാനം. കണികാണുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം. ശകുനത്തിനു ജീവിതത്തില്‍ വല്യ പ്രാധാനമാണ് പലരും നല്‍കുന്നത്.
ഒരു ദിവസം ആദ്യം കാണുന്നത് ആ ദിവസത്തിന്റെ ഫല നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വിഷു പുതിയ വര്‍ഷാരംഭമായി കണക്കാക്കുന്നതിനാല്‍ ആ വര്ഷം മുഴുവന്‍ നന്മയും സമൃദ്ധിയും ഉണ്ടാകണമെന്നും അതിനായി ഫലഭുഷ്മായ ഒരു കാഴ്ചയാണ് വേണ്ടതെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. അതാണ് വിഷുക്കണി ഒരുക്കുന്നതിന് പിന്നില്‍.
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. സ്വര്‍ണ്ണവര്‍ണ്ണത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച
ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്..
Post Your Comments