അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായത് വൈകാരിക നിമിഷങ്ങൾ. അടുത്ത മാസം ഏഴിന് വിവാഹിതയാകേണ്ട ആര്യ, അരുണാചൽ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയത് ആംബുലൻസിൽ. ഒരു നാടിനെ മുഴുവൻ ഞെട്ടലിൽ നിർത്തി നിഗൂഢതകൾ ബാക്കിയാക്കിയായിരുന്നു ആര്യയുടെ യാത്ര.
വിവാഹപ്പന്തൽ ഒരുങ്ങേണ്ടിയിരുന്ന മുറ്റത്ത് മരണാനന്തര ചടങ്ങുകൾക്കായി ഒരു പന്തൽ. ഒറ്റ മകളുടെ വിവാഹം ആഘോഷപൂർവം നടത്താനായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്കെത്തിയത് ആ മകളുടെ ചേതനയറ്റ ശരീരം. വട്ടിയൂർക്കാവിലെ മേലത്തുമേലെയിലുള്ള ‘ശ്രീരാഗം’ വീട് മുൻപെങ്ങുമില്ലാത്ത വിധം ആളുകളെക്കൊണ്ട് നിറഞ്ഞു. അച്ഛൻ അനിൽ കുമാർ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ടുപോയി. അനിൽ കുമാറും മഞ്ജുവും ദിവസങ്ങൾക്ക് മുൻപേ തന്നെ മകൾ ആര്യയുടെ വിവാഹത്തിനുള്ള ക്ഷണം തുടങ്ങിയിരുന്നു.
ഒരു വർഷം നീണ്ട കാത്തിരിപ്പാണ് ഇരുവർക്കുമത്. കഴിഞ്ഞ വർഷമായിരുന്നു ആര്യയുടെ വിവാഹ നിശ്ചയം. അധികമാരോടും സംസാരിക്കാറില്ലാത്ത പ്രകൃതമായിരുന്നു ആര്യയുടേത്. പക്ഷേ, വിവാഹമുറപ്പിച്ച ശേഷം ഏറെ സന്തോഷവതിയായി, ഓടിച്ചാടി നടക്കുന്ന മകളെയാണ് ഇരുവരും കണ്ടത്. അത് അധികദിവസം നീണ്ടുനിന്നില്ല. പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് സുഹൃത്ത് ദേവിക്കും ദേവിയുടെ ഭർത്താവ് നവീൻ തോമസിനുമൊപ്പം ആര്യ നടത്തിയ യാത്ര അന്ത്യയാത്രയായിരുന്നുവെന്ന് വൈകിയാണ് ആ അമ്മയും അച്ഛനും തിരിച്ചറിഞ്ഞത്.
മകളുടെ ബ്ലാക്ക് മാജിക് താത്പര്യം മുൻപേ തിരിച്ചറിഞ്ഞ ഇരുവരും അതിൽ നിന്ന് ആര്യയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതവസാനിച്ചത് മകളുടെ അവസാന യാത്രയിലുമായിരുന്നു. ആര്യയുടെ മുടി മുറിച്ചിരുന്നുവെന്നത് മൃതദേഹത്തിൽ നിന്നും വ്യക്തമാണ്. മുഖത്തും ബ്ലേഡ് കൊണ്ട് കീറിയ പാടുകളുണ്ടായിരുന്നു. ഒരു മണിക്കൂറോളം വീടിന്റെ മുറ്റത്ത് പൊതുദർശനത്തിനു വച്ച ശേഷം വൈകുന്നേരം നാലരയോടെ ശാന്തികവാടത്തിൽ സംസ്കാരചടങ്ങുകൾ നടത്തി.
Post Your Comments