തൃശൂർ : കേരളത്തിൽ വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇ.ഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ കടത്ത് കേസിൽ കണ്ണികൾ ഏത് ഓഫീസിൽ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി.
കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകരോട് മോദി നടത്തിയ സംവാദത്തിൽ നിർദേശിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
അതേസമയം, കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ ജനങ്ങളിൽ ഉൽക്കണ്ഠ ഉണ്ടായി. ബി.ജെ.പിയുടെ ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments