സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍,ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി:സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന ചോദ്യവും അതിനുള്ള ഉത്തരവും സിനിമാ പ്രേമികൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നുണ്ട്. നോവലിൽ ഏത് രീതിയിൽ വേണമെങ്കിലും എഴുതാമെന്നത് ബെന്യാമിന്റെ സ്വാതന്ത്ര്യമാണെന്നിരിക്കെ, സിനിമയിൽ എങ്ങനെ എടുക്കണമെന്നുള്ളത് സംവിധായകൻ ബ്ലെസിയുടെ സ്വാതന്ത്ര്യമാണെന്ന് സിനിമാ ആസ്വാദകർ
പറയുന്നു.

നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേ ഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് അടുത്തിടെ ബെന്യാമിൻ വെളിപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ആടുമായുള്ള നജീബിന്റെ ലൈംഗികബന്ധം. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇതിനെ കുറിച്ച് ബെന്യാമിൻ പറഞ്ഞത്.

‘മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്’, എന്നായിരുന്നു ബെന്യാമിൻ പറഞ്ഞത്.

എന്നാൽ, ഇതിൽ നിന്നും നേർവിപരീതമാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്. എന്തുകൊണ്ടാണ് അത്തരമൊരു രംഗം സിനിമയിൽ ഉൾപ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന്, നോവലിൽ എഴുതിയിരുന്ന അത്തരം കാര്യങ്ങൾ താൻ ഷൂട്ട് ചെയ്തിരുന്നില്ലെന്നാണ് ബ്ലെസ്സി നൽകുന്ന ഉത്തരം. അത്തരം കാര്യങ്ങൾക്ക് നോവലിൽ തുടർച്ചയിലെന്നും, തുടർച്ചയില്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയാൽ അത് സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നുമായിരുന്നു ബ്ലെസി നൽകിയ മറുപടി. അത്തരം രംഗങ്ങൾ നജീബിന്റെ കാത്തിരിപ്പിന്റെ തീവ്രത കുറയ്ക്കുമെന്നും ബ്ലെസി പറയുന്നുണ്ട്. ദി ഫോറത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബ്ലെസി ഇക്കാര്യം പറഞ്ഞത്.

ഇതേ ചോദ്യത്തിന് യഥാർത്ഥ നജീബ് നൽകിയ മറുപടി, അത്തരമൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നായിരുന്നു. ആടുകളെ തന്റെ മക്കളെ പോലെയാണ് കണ്ടിരുന്നതെന്നും അങ്ങനയൊക്കെ ചെയ്യുന്നവർ തലയ്ക്ക് സ്ഥിരത ഇല്ലാത്തവർ അല്ലേ എന്നും നജീബ് ചോദിക്കുന്നു. അത്തരമൊരു കാര്യം, അതും ഇല്ലാത്ത ഒരു സംഭവം നോവലിൽ ചേർത്തതിന് താൻ ബെന്യാമിനോട് അന്ന് തന്നെ തന്റെ വിയോജിപ്പ് അറിയിച്ചതാണെന്നായിരുന്നു നജീബ് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.

Share
Leave a Comment