Latest NewsIndia

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരായ നിർബന്ധിത നടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്.

എന്താണ് ഡൽഹി മദ്യനയ കേസ് ?

2021-22 കാലഘട്ടത്തിൽ ഡൽഹി സർക്കാർ കൊണ്ട് വന്ന മദ്യനയം കാരണമാണ് ഇപ്പോൾ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായിരിക്കുന്നത്. ഈ പോളിസി രുപീകരിച്ചതുമായി ബന്ധപ്പെട്ട് ഏതാണ്ട് 100 കോടി രൂപയോളം വിവിധ ആം ആദ്‌മി നേതാക്കൾക്ക് പാരിതോഷികം ആയി ലഭിച്ചിരുന്നു എന്നാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്ന കേസ്.

2021-ൽ എഎപി സർക്കാർ കൊണ്ടുവന്ന മദ്യനയം, മദ്യവിൽപ്പനശാലകളുടെ സ്വകാര്യവൽക്കരണവും ലൈസൻസ് മാനദണ്ഡങ്ങളിലെ ക്രമീകരണങ്ങളും ഉൾപ്പെടെ എക്സൈസ് മേഖലയിലെ സുപ്രധാന പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടായിരുന്നു. എന്നിരുന്നാലും, അഴിമതിയുടെയും പക്ഷപാതത്തിൻ്റെയും ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അതിൻ്റെ നടപ്പിലാക്കൽ തടസപ്പെട്ടു, തുടർന്ന് ആത്യന്തികമായി മദ്യനയം ഡൽഹി സർക്കാരിന് പിൻവലിക്കേണ്ടിയും വന്നു.

ഡൽഹി എക്‌സൈസ് നയത്തിൽ ലാഭമുണ്ടാക്കുന്നതിനു വേണ്ടി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, കഴിഞ്ഞയാഴ്ച അറസ്റ്റിലായ കെ കവിത എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി കേസ് . വ്യവസായി ശരത് റെഡ്ഡി, മഗുണ്ട ശ്രീനിവാസുലു റെഡ്ഡി, കെ കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡൽഹിയിലെ 32 സോണുകളിൽ ഒമ്പത് സോണുകളും ലഭിച്ചു. ഇതിന് പാരിതോഷികമായാണ് 100 കോടി രൂപയോളം ആം ആദ്മി പാർട്ടി നേതാക്കൾക്ക് ലഭിച്ചത്.

മൊത്തക്കച്ചവടക്കാർക്ക് അസാധാരണമാംവിധം ഉയർന്ന 12% ലാഭവും ചില്ലറ വ്യാപാരികൾക്ക് ഏകദേശം 185% ലാഭവും നൽകിയാണ് പോളിസി പുറത്തിറക്കിയത്. ഗൂഢാലോചന പ്രകാരം, 12% മാർജിനിൽ 6% മൊത്തക്കച്ചവടക്കാരിൽ നിന്ന് ആംആദ്മി നേതാക്കൾക്കുള്ള വിഹിതമായി തിരിച്ചു കിട്ടുന്ന വിധത്തിലാണ് പോളിസി സംവിധാനം ചെയ്തത്.

ആദ്യ കാലഘട്ടത്തിൽ ഇതിനോട് വലുതായി പ്രതികരിക്കാതിരുന്ന കേന്ദ്ര സർക്കാർ ഇതിൽ ഇടപെടുന്നത് ഡൽഹി ഗവർണർ ഈ മദ്യനയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതോടെയാണ്. നിയമ ലംഘനങ്ങളും നടപടിക്രമങ്ങളിലെ അപാകതകളും സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ആഹ്വാനം ചെയ്തതോടെയായിരിന്നു അത്.

ഈയൊരു നടപടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ ആണ് കലാശിച്ചത്. തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജയിലിൽ ആയ സിസോദിയക്ക് സുപ്രീം കോടതിയടക്കം ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൂഢാലോചനയിൽ പങ്കാളിയായ ബി ആർ എസ് നേതാവ് കെ കവിത അടക്കം അറസ്റ്റിലായതോടെ അരവിന്ദ് കെജ്രിവാളിന്റെ നാളുകൾ ഏതാണ്ട് എണ്ണപ്പെട്ടിരുന്നു എന്ന് ഉറപ്പായിരുന്നു.

ഇന്ന് അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെജ്രിവാൾ നൽകിയ ഹർജി കൂടി കോടതി തള്ളിയതോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് ഇ ഡി ക്ക് വാതിലുകൾ തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button