യാത്രയ്ക്കായി ഓൺലൈൻ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ നിരവധിയാണ്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഇടം നേടേണ്ടി വരും. കൂടാതെ, വെയിറ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുകയുമില്ല. ഇതുവഴി ഉയർന്ന വരുമാനമാണ് റെയിൽവേ ലഭിക്കുന്നത്. ഇപ്പോഴിതാ റദ്ദ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ നിന്നും ലഭിച്ച വരുമാന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2021 മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ നിന്നും 1230 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്. വിവരാകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
2021-ൽ മാത്രം 2.53 കോടി വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളാണ് യാത്രക്കാർ റദ്ദ് ചെയ്തിട്ടുള്ളത്. ഇതുവഴി റെയിൽവേയ്ക്ക് ലഭിച്ച വരുമാനം 242.68 കോടി രൂപയാണ്. 2022-ൽ 4.6 കോടി വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിലൂടെ 439.16 കോടി രൂപയുടെ വരുമാനവും നേടി. 2023-ൽ 5.26 കോടി ടിക്കറ്റുകളാണ് റദ്ദാക്കിയത്. 505 കോടി രൂപ ഇതിലൂടെയും നേടി. മുതിർന്ന പൗരന്മാർക്കുള്ള നിരക്കിളവ് റെയിൽവേ റദ്ദാക്കിയിരുന്നു. ഇതുവഴി കഴിഞ്ഞ സാമ്പത്തിക വർഷം അധിക വരുമാനമായി ലഭിച്ചത് 2,242 കോടി രൂപയാണ്.
Post Your Comments