തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന 19 കാരി കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. അബോര്ഷന് ചെയ്യാമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് ഭർതൃ വീട്ടുകാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലക്ഷ്മി ഇനി പഠിക്കേണ്ട എന്ന നിലപാടാണ് ഭർത്താവ് കിരൺ സ്വീകരിച്ചത്.
തുടർപഠനം ഭർത്താവ് എതിർത്തതിലുള്ള മനോവിഷമത്തിലാകാം പത്തൊൻപതുകാരി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. ശങ്കരൻമുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനൽകമ്പിയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പത്തൊൻപതുകാരിയായ ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല. ഗർഭിണിയായതിനാൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ പഠനം പൂർത്തിയാക്കുന്നത് കിരണും ഭർതൃവീട്ടുകാരും എതിർത്തിരുന്നു. ഇതിനെതുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു.
Post Your Comments