ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. വീട്ടുജോലിക്കെത്തുന്ന 15-കാരിയായ പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ കിരൺ നാഥ്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വീട്ടുജോലിക്കെത്തുന്ന മകളെ വീട്ടിൽ പൂട്ടിയിട്ട ശേഷം നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും, കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. നിലവിൽ, പോക്സോ കേസ് ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതായും, തുടരന്വേഷണം നടന്നുവരികയാണെന്നും ഡിസിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.
Also Read: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു, രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി
Post Your Comments