കൽപ്പറ്റ: വയനാട്ടിലെ ഇടതു സ്ഥാനാർഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ആദിവാസി ഭവന തട്ടിപ്പുകേസിലെ പ്രതി. ഇടതുപക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കുമെന്നും പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർക്കൊപ്പം നിൽക്കുകയെന്ന നിലപാടില്ലെന്നും ആനി രാജ പറഞ്ഞു. നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പി എം ബഷീറാണ് കേസിലെ പ്രതി.
ദളിത് പ്രശ്നങ്ങളിൽ സ്ഥിരം ഇടപെടുന്ന വ്യക്തിയായ ആനിരാജയുടെ തെരഞ്ഞെടുപ്പ് ചുമതലയിലാണ് ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി ഉൾപ്പെട്ടിരിക്കുന്നത്. അഗളി ഭൂതിവഴി ഊരിലെ 7 ആദിവാസി കുടുംബങ്ങളുടെ ഭവനനിർമ്മാണം ഏറ്റെടുത്ത് പണം തട്ടിയ കേസിലെ പ്രതിയാണിയാൾ. 14 ലക്ഷം തട്ടിയെന്ന ക്രൈംബ്രാഞ്ച് കേസിലെ 1ാം പ്രതിയുമാണ്.ഗുണനിലവാരമില്ലാത്ത വീടുകൾ നിർമ്മിച്ച് മിച്ചം വെച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്‍സിഎസ്ടി കോടതിയിൽ നടന്നുവരികയാണ്.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സിപി സുനീറിന്റെ അടുപ്പക്കാരനാണ് പിഎം ബഷീർ. കഴിഞ്ഞ തവണ സുനീർ വയനാട്ടിൽ മത്സരിച്ചപ്പോൾ കേസിലുൾപ്പെട്ടതിനാൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നില്ല. ഇത്തവണ നിയോജക മണ്ഡലം സെക്രട്ടറി എം മുജീബിനെ പരിഗണിക്കാനായിരുന്നു ധാരണ. എന്നാൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ സ്വാധീനിച്ച് കൺവീനറായെന്നാണ് വിമർശനം ഉയരുന്നത്.
Post Your Comments