എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയോഗിക്കരുത്- ടൊവിനോ

തൃശ്ശൂര്‍: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന്‍ ടൊവിനോ തോമസ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് താനൊന്നും ടൊവിനോ വ്യക്തമാക്കി. ആരെങ്കിലും അതുപയോഗിക്കുന്നുവെങ്കില്‍ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു.

ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്.

വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. ഇടത് പ്രൊഫൈലുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.

Share
Leave a Comment