കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ നിന്നും ഇറങ്ങിപ്പോയിഉർന്നു. ഗായകനെ പിന്തുണച്ചും പ്രിൻസിപ്പലിന്‍റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്’ എന്നാണ് സംഗീത സംവിധായകൻ മിഥുന്‍ ജയരാജ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മിഥുൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം വേദനിപ്പിച്ചുവെന്ന് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് പറഞ്ഞു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്ന് ജാസി ഗിഫ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകളെത്തുന്നത് സാധാരണമാണെന്നും എന്നാൽ ഇക്കാര്യമൊന്നും നോക്കാതെ പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ, കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
Post Your Comments