കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുൻവശമുള്ള ഫാർമസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ഫാർമസി അടച്ചത്. സംസ്ഥാന സർക്കാർ കോടികളാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ഇതോടെ, മരുന്ന് വിതരണക്കാർ ഫാർമസിയിലേക്കുള്ള മരുന്ന് വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ക്യാൻസർ രോഗികളടക്കം നിരവധി പേർ മരുന്ന് വാങ്ങുന്ന ഫാർമസിയാണ് അടച്ചത്.
മരുന്ന് വിതരണ കമ്പനികൾക്ക് സർക്കാർ 8 മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. കുടിശ്ശിക ഉടൻ തന്നെ തീർക്കണമെന്നാവശ്യപ്പെട്ട് മരുന്ന് കമ്പനിക്കാർ ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാൽ, യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് മരുന്ന് വിതരണം നിർത്തിവെച്ചത്.
മെഡിക്കൽ കോളേജിലെ പ്രധാന ഫാർമസി അടച്ചതോടെ ക്യാൻസർ രോഗികളും ഡയാലിസിസ് രോഗികളും ദുരിതത്തിലായിരിക്കുകയാണ്. 8,000 രൂപയ്ക്ക് വാങ്ങിയിരുന്ന മരുന്നുകൾ ഇപ്പോൾ 30,000 രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.
Post Your Comments