തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടുംചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും.
17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുന്നതാണ്. ചൂട് ക്രമാതീതമായി ഉയരുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments