കൊച്ചി: സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോൾ വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ. നിലവിൽ, 17.5 ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയിലൂടെ സഞ്ചരിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിൽ ജനപ്രീതി നേടിയതോടെ സർവീസുകൾ വ്യാപിപ്പിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ ടെർമിനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മാർച്ച് 14-ന് വൈകിട്ട് 5:30-ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകൾ നടക്കുക.
നാല് പുതിയ ടെർമിനലുകളിൽ യാഥാർത്ഥ്യമാകുന്നതോടെ, രണ്ട് പുതിയ റൂട്ടുകളിൽ കൂടി വാട്ടർ മെട്രോയുടെ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഹൈക്കോട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ, ആകെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്കാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനുകൾ ബന്ധിപ്പിച്ച് 18 വാട്ടർ മെട്രോ സർവീസുകൾ ഉണ്ടായിരിക്കും. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് അധികം വൈകാതെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Post Your Comments