കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ, പ്രാര്‍ഥനയുടെ, വിശുദ്ധിയാല്‍ നിറയും.
പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍ നിര്‍വഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റമദാന്‍ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍ കാലം.
ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
നോമ്പുകാലം സമാധാനത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ട്വന്റിഫോറിലൂടെ ആശംസിച്ചു. കഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഭീകരതയും അക്രമവും അവസാനിപ്പിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Post Your Comments