ന്യൂഡൽഹി: നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. വീഡിയോ കോളിനിടെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുപയോഗിച്ചാണ് തട്ടിപ്പ് സംഘം ഡോക്ടറുടെ കയ്യിൽ നിന്നും പണം തട്ടിച്ചെടുത്തത്. 8.6 ലക്ഷം രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ പരാതിയിൽ രണ്ടു പേർ അറസ്റ്റിലായി.
കഴിഞ്ഞ ദിവസമാണ് 71കാരനായ ഡോക്ടർക്ക് വീഡിയോ കോൾ എത്തിയത്. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഈ വീഡിയോ ദൃശ്യങ്ങൾ ഡോക്ടറിന് സന്ദേശമായി അയച്ച് കിട്ടി. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. നാണക്കേട് ഭയന്ന് 8.6 ലക്ഷം രൂപ തട്ടിപ്പുകാർക്ക് ഇദ്ദേഹം നൽകി. എന്നാൽ പണം നൽകിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. വീഡിയ കോളും, ഭീഷണിപ്പെടുത്താനായി വിളിച്ച കോളുകളും വിലയിരുത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ സൈബർ പൊലീസ് രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഘത്തിന്റെ പക്കൽ നിന്നും അഞ്ച് സ്മാർട്ട് ഫോണുകളും കീ പാഡ് ഫോണുകളും 11 സിം കാർഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ രീതിയിൽ നിരവധി പേരെ ഭീഷണിപ്പെടുത്ത് പണം തട്ടുന്ന സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments