Latest NewsKeralaNews

2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ: ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 2023ൽ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേർ കേരളം സന്ദർശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സർവകാല റെക്കോർഡ് ആണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ വർഷം 15.92 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2022ൽ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ൽ 18.97 ശതമാനം വർധിച്ചു. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടായി. 2022ൽ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തിൽ എത്തിയതെങ്കിൽ 2023ൽ ഇത് 6,49,057 പേരായി വർധിച്ചു. വിദേശ സഞ്ചാരികളുടെ വരവിൽ 87.83 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും കൂടുതൽ വിദേശികൾ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ൽ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button