KeralaLatest NewsNews

റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്: സെൻസർ ബോർഡിനെതിരെ ലാൽ ജോസ്

തിരുവനന്തപുരം: ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്നുപറയുന്നത് ഒരുയുക്തിക്കും നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡിന്റെ നിർദേശം വിചിത്രമാണ്. ഒരു ഭാരത സർക്കാർ ഉത്പ്പന്നം ഒരു സർക്കാർ ഉത്പ്പന്നമായി മാറുകയാണെന്നും ലാൽ ജോസ് വ്യക്തമാക്കി. സുബീഷ് സുബി നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലാൽ ജോസാണ്. സിനിമയിൽ അദ്ദേഹം ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

വിചിത്രമായ സാഹചര്യമാണ് ഇത്. ഒരു രാഷ്ട്രീയപ്പാർട്ടികളേക്കുറിച്ചും ഒന്നും പറയാത്ത തമാശപ്പടമാണിത്. സിനിമയിൽ യാതൊരുവിധ രാഷ്ട്രീയ ചർച്ചകളും ഇല്ല. ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് ആ പേരാണ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഈ പേര് കേട്ടപ്പോളാണ് മുഖത്ത് ചിരി വിടർന്നത്. അപ്പോഴാണ് കഥയെന്താണെന്ന് അന്വേഷിച്ചത്. അത് കേട്ട് ഇഷ്ടമായതുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കി.

ഈ ചിത്രത്തോട് സെൻസർ ബോർഡ് കാണിച്ചത് ബാലിശമായൊരു വാശിയാണ്. സിനിമ കണ്ട സെൻസർ ബോർഡ് അംഗങ്ങളാണ് ഈ തീരുമാനമെടുത്തതെന്ന് അറിയുമ്പോഴാണ് ഇനി നമ്മൾ നേരിടാൻപോകുന്ന കാര്യങ്ങളെത്ര വിചിത്രങ്ങളാണെന്ന് മനസിലാകുക. ഭാരത് എന്നുപേരുള്ള ഹിന്ദി സിനിമ ഉടൻ റിലീസാവുന്നുണ്ട്. അതിന്റെ സ്ഥിതി എന്താകുമെന്നറിയില്ല. ഇന്ത്യയും ഭാരതവുമെല്ലാം പേരുകളിൽ ഉൾപ്പെട്ട ഒരുപാട് സിനിമകൾ മുമ്പ് വന്നിട്ടുണ്ട്. ഈ സിനിമയ്ക്കുമാത്രം ഇങ്ങനെ സംഭവിച്ചതെന്താണെന്നത് വിചിത്രമാണ്. ഇതെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നത് നിർമാതാവും ആദ്യചിത്രം ചെയ്യുന്ന സംവിധായകനും ആദ്യമായി നായകനാവുന്ന സുബീഷ് സുബിയേപ്പോലൊരു നടനുമാണ്. അത് സങ്കടകരമാണെന്നും ലാൽ ജോസ് അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്നായിരുന്നു സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു സർക്കാർ ഉത്പ്പന്നം എന്ന് പേരുമാറ്റി സിനിമ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button