മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി മാറ്റി ഇന്ത്യൻ ഓഹരി വിപണി. പ്രതീക്ഷകളെയും പ്രവചനങ്ങളെയും കടത്തിവെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച മുന്നേറിയതോടെയാണ് ആഭ്യന്തര സൂചികകൾ നേട്ടം കുറിച്ചത്. വ്യാപാര സെഷനിലുടനീളം സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ ട്രാക്കിലായിരുന്നു. ബിഎസ്ഇ സെൻസെക്സ് 1,245.05 പോയിന്റ് നേട്ടത്തിൽ 73,745.35-ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസിങ് പോയിന്റാണിത്. അതേസമയം, നിഫ്റ്റി 355.95 പോയിന്റ് നേട്ടത്തിൽ 22,338.75-ൽ വ്യാപാരം പൂർത്തിയാക്കി.
ജിഡിപി വളർച്ചയോടൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതും ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ചു. നിഫ്റ്റി 50-ൽ ഇന്ന് 37 ഓഹരികൾ നേട്ടത്തിലും, 13 എണ്ണം നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇയിൽ വ്യാപാരം ചെയ്ത ഓഹരികളിൽ 2,366 ഓഹരികൾ നേട്ടത്തിലും, 1489 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 92 ഓഹരികളുടെ വില മാറിയില്ല. റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയവയാണ് സെൻസെക്സിൽ നേട്ടം കുറിച്ചത്.
Post Your Comments