KeralaLatest NewsNews

ശിവരാത്രി ആഘോഷിക്കുന്നത് എന്തിന്? ഐതീഹ്യമറിയാം

ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന നാളുകളാണ് ശിവരാത്രി ദിനങ്ങൾ. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. ഈ വ്രതം അതിപ്രാധാന്യം നിറഞ്ഞതാണ്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. ശിവരാത്രിയോടനുബന്ധിച്ചുള്ള ഐതീഹ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഐതീഹ്യം – ഒന്ന്

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂട വിഷം ലോകത്തിന്റെ നന്മയ്ക്കായും രക്ഷയ്ക്കായും പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽ ചെന്നാൽ അത് ഭഗവാന് ഹാനികരമാകുമെന്ന് തിരിച്ചറിഞ്ഞ പാർവതി ദേവി, ഇതുണ്ടാകാതിരിക്കാൻ അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കി പിടിച്ചു. പാർവതി ദേവിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും ലോകനന്മയ്ക്കായി വിഷം, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു പരമേശ്വരന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ അകത്തേയ്ക്കും പുറത്തേയ്ക്കും പോകാതെ വിഷം പരമേശ്വരന്റെ തൊണ്ടക്കുഴിയിൽ കുടുങ്ങി. പതുക്കെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്.

ഐതീഹ്യം – രണ്ട്

മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ് മറ്റൊരു ഐതീഹ്യം ഉള്ളത്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന്, നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം താനാണെന്ന ഇരുവരുടെയും വാദം അവസാനിച്ചത് വലിയൊരു യുദ്ധത്തിലായിരുന്നു. അവർക്കിടയിലേക്ക് ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ലക്ഷ്യത്തിലെത്താൻ കഴിയാതെ വന്ന, ഇവർ തലസ്ഥാനത്തേക്ക് തിരിച്ചെത്തി.

അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ ആവശ്യം അവരെ അറിയിച്ചു. വ്രതം അനുഷ്ഠിക്കാൻ ശിവൻ ഇരുവരോടും പറഞ്ഞു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളി ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button