തിരുവനന്തപുരം: കേരളത്തില്‍ മത്സരിക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.
2009 മുതല്‍ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം. പി കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, 2009ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍നായര്‍ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരുവനന്തപുരത്ത് പാളിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദനെ തന്നെ സിപിഐ തിരുവനന്തപുരത്ത് ഇറക്കിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്ങ് സീറ്റായ വയനാട്ടില്‍ ദേശീയ നേതാവിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഐ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അതോടെ മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാലും ശക്തമായ മത്സരം വയനാട്ടില്‍ ഉറപ്പിക്കുക കൂടിയാണ് ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സിപിഐ ലക്ഷ്യമിടുന്നത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ആനി രാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments