KeralaLatest News

ചേർത്തലയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയായ ഭർത്താവും മരിച്ചു, അനാഥരായി കുട്ടികൾ

ചേർത്തല: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13–ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിനു മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ശ്യാമിന്റെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. 90% പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി വൈകിട്ട് മരിച്ചു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.

സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ജോലിക്കു പോകുകയായിരുന്നു. സ്ഥാപനത്തിന് 200 മീറ്റർ അകലെ വച്ചായിരുന്നു ആക്രമണം. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തിയെന്നു പൊലീസ് അറിയിച്ചു. നിലവിളിച്ചുകൊണ്ട് ഓടി ഇവർ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണു തീയണച്ചത്.

ശ്യാമിൽനിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ആരതി കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീടും ഭീഷണി തുടർന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽനിന്നു ജാമ്യം ലഭിച്ചു. മക്കൾ: വിശാൽ, സിയ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button