കൊച്ചി: ടി.പി വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിൽ അടച്ചിട്ടിരിക്കുകയാണെന്നും പക വീട്ടലായിട്ടാണ് കേസിനെ കൈകാര്യം ചെയ്യുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഗോവിന്ദൻ വാദിച്ചു.
‘വലിയ നിയമയുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. കൊള്ളക്കാരനെ അറസ്റ്റു ചെയ്യുന്ന പോലെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കോണ്ടുപോകുന്ന ചിത്രം കേരളം മറന്നിട്ടില്ല. പാർട്ടി നേതാക്കളെ ഉൾപ്പെടെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിൽ അടച്ചു. പകവീട്ടലായാണ് കേസിനെ കൈകാര്യം ചെയ്തത്. കോടതി ഇത് ശരിയായരീതിയിൽ കണ്ടിരിക്കുന്നുവെന്നുവേണം വിധിയിലൂടെ മനസ്സിലാക്കാൻ’, ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കേസിലെ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കെ കെ കൃഷ്ണൻ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ടു പ്രതികളും ഈ മാസം 26ന് കോടതിയിൽ ഹാജരാക്കണം. ഇവർക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അതേസമയം, പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവച്ചു. കേസിൽ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തൻ മരണപ്പെട്ടിരുന്നു. പി മോഹനനെ വെറുതെവിട്ട വിധി ശരി വെച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് പി മോഹനൻ. ഏറ്റവും നല്ല വിധി എന്ന കെ കെ രമ പ്രതികരിച്ചു. രണ്ടു പ്രതികളെ കൂടി സൂക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരം എന്നും രമ പറഞ്ഞു.
Post Your Comments