പാലക്കാട്: ആലത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. താവളം-മുള്ളി റോഡിൽ വേലംപടികയിലാണ് തീപിടിത്തം ഉണ്ടായത്. കൃത്യസമയത്ത് ഇതുവഴി റാപ്പിഡ് റെസ്പോൺസ് ടീം എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിക്കുളളിൽ ഡ്രൈവർ അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരെ അതിസാഹസികമായാണ് ആർആർടി സംഘം രക്ഷപ്പെടുത്തിയത്.
കാട്ടാനയെ തുരത്തിയതിനുശേഷം തിരികെ വരികയായിരുന്ന പുതൂരിലെ റാപ്പിഡ് റെസ്പോൺസ് ടീമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ലോറിയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മൂന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ലോറിയിൽ നിന്ന് മുഴുവൻ വൈക്കോൽ കെട്ടുകളും സംഘം നീക്കം ചെയ്തു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. പുതൂർ പോലീസും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
Also Read: വയനാട് കുറുവയില്‍ കാട്ടാന ആക്രമണം, പരിക്കേറ്റയാള്‍ മരണത്തിന് കീഴടങ്ങി
Leave a Comment