Latest NewsIndia

‘ആദ്യമായി ഞാൻ വിഗ്രഹം കണ്ടപ്പോൾ വല്ലാതെ വികാരഭരിതനായി, എന്റെ മുഖം കണ്ണുനീരാൽ മുങ്ങി’- ക്ഷേത്ര പുരോഹിതൻ

അയോധ്യ: അയോധ്യയിലെ പുതിയ രാമവി​ഗ്രഹത്തിന് പുതിയ പേര് നൽകി. ബാലക് റാം എന്നാകും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാന വി​ഗ്രഹം ഇനി അറിയപ്പെടുക. ശ്രീരാമഭഗവാന് അഞ്ചുവയസ്സുള്ളപ്പോഴത്തെ രൂപം വിഗ്രഹത്തിനുള്ളതിനാലാണ് ബാലക് റാം എന്ന് പേരിട്ടതെന്ന് ക്ഷേത്ര പുരോഹിതൻ അരുൺ ദീക്ഷിത് പറഞ്ഞു. ശ്രീരാമാൻ അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയായി നിൽക്കുന്ന നിലയിലാണ് ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം.

നേരത്തേ, കൂടാരത്തിലും പിന്നീട് താത്‌കാലിക ശ്രീകോവിലിലും സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹം ശ്രീകോവിലിൽ പുതിയ പ്രതിഷ്ഠയ്ക്കുമുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ജനുവരി 18 നാണ് തനിക്ക് ആദ്യമായി വിഗ്രഹം കാണാൻ കഴിഞ്ഞതെന്ന് അരുൺ ദീക്ഷിത് വ്യക്തമാക്കി. ‘ആദ്യമായി ഞാൻ വിഗ്രഹം കണ്ടപ്പോൾ വല്ലാതെ ആവേശഭരിതനായി. എന്റെ മുഖത്ത് നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. അപ്പോൾ ഞാൻ അനുഭവിച്ച വികാരം എനിക്ക് വിശദീകരിക്കാൻ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

രാം ലല്ല വിഗ്രഹത്തിന്റെ ‘പ്രാൺ പ്രതിഷ്ഠ’ തനിക്ക് ഏറ്റവും ദിവ്യവും പരമോന്നതവും ആണെന്ന് ഏകദേശം 50 മുതൽ 60 വരെ പ്രതിഷ്ഠകൾ നടത്തിയിട്ടുള്ള വാരണാസി സ്വദേശിയായ അദ്ദേഹം പറഞ്ഞു. 300 കോടി വർഷമെങ്കിലും പഴക്കമുള്ള കൃഷ്ണശിലയിൽനിന്നാണ് മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ് 51 ഇഞ്ച് ഉയരമുള്ള പുതിയ വിഗ്രഹം കൊത്തിയെടുത്തതെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം അറിയിച്ചു. അധ്യാത്മരാമായണം, വാല്മീകി രാമായണം, രാമചരിതമാനസ്, ആളവന്ദർ സ്തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളുടെ വിശദപഠനത്തിനുശേഷമാണ് വിഗ്രഹത്തിനുള്ള ആടയാഭരണങ്ങൾ തയ്യാറാക്കിയത്.

ബനാറസി തുണിയിലാണ് വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. അതിൽ മഞ്ഞ ധോത്തിയും ചുവന്ന അംഗവസ്ത്രവും ഉൾപ്പെടുന്നു. അംഗവസ്ത്രം സ്വർണഞൊറികളാലും നൂലുകളാലും അലങ്കരിച്ചിട്ടുണ്ട്. വൈഷ്ണവ ചിഹ്നങ്ങളായ ശംഖ്, പത്മ, ചക്ര, മയൂർ എന്നിവയും ഉൾപ്പെടുന്നു. അങ്കുർ ആനന്ദിന്റെ ലഖ്‌നൗവിലെ ഹർസഹൈമൽ ശ്യാംലാൽ ജൂവലേഴ്‌സാണ് ആഭരണങ്ങൾ തയ്യാറാക്കിയത്. ഡൽഹിയിലെ ഡിസൈനറായ മനീഷ് ത്രിപാഠിയാണ് വസ്ത്രങ്ങളൊരുക്കിയത്.

അരുൺ യോഗിരാജിനുപുറമേ ഗണേഷ് ഭട്ട്, സത്യനാരായൺ പാണ്ഡെ എന്നിവരും അയോധ്യയിലേക്കായി രാംലല്ല വിഗ്രഹങ്ങൾ രൂപകല്പന ചെയ്തിരുന്നു. ഇതിൽ യോഗിരാജിന്റെ വിഗ്രഹം ശ്രീകോവിലിലെ പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു. ബാക്കി രണ്ടെണ്ണം ക്ഷേത്രത്തിന്റെ മറ്റുഭാഗങ്ങളിൽ സ്ഥാപിക്കുമെന്ന് അയോധ്യ ട്രസ്റ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button