ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന രാം ലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ (പ്രതിഷ്ഠാ ചടങ്ങ്) തത്സമയം സംപ്രേക്ഷണം ചെയ്യും. ലൈവ് സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ നിരോധിച്ചുവെന്ന ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവത്തിന് വേണ്ടി അഭിഭാഷകനായ ജി ബാലാജിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് മറ്റ് സമുദായങ്ങൾ താമസിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അനുമതി തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു. ലഭിച്ച അപേക്ഷകളുടേയും എടുത്ത തീരുമാനങ്ങളുടേയും വിവരങ്ങൾ സംസ്ഥാനം അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചടങ്ങുകളുടെ പ്രദർശനങ്ങൾ നടത്തുന്നതിനോ പ്രത്യേക പൂജകളോ ഭജനകളോ നടത്തുന്നതിനോ വിലക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. രാം ലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങ് സംസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് ഡിഎംകെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചുവെന്ന അഭ്യൂഹങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാത്തരം പൂജകളും അർച്ചനയും അന്നദാനവും ഭജനകളും സർക്കാർ നിരോധിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ (പോലീസ് ഉദ്യോഗസ്ഥർ മുഖേന) ഇത്തരം ഏകപക്ഷീയമായ അധികാര പ്രയോഗത്തിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഹർജിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ ശ്രീരാമ ലല്ലയുടെ പ്രാണ-പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നിരോധിച്ചതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.
ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. പ്രമുഖരുൾപ്പടെ പലർക്കും ഇന്ന് സംബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങളും വീഡിയോകളും കാണാൻ അവസരമുണ്ടാകും. രാജ്യത്തിന്റെ അകത്തും പുറത്തും ഇതിനായി വൻ സജ്ജീകരണങ്ങളാണ് ചടങ്ങുകൾ കാണാനായി ഒരുക്കിയിരിക്കുന്നത്.
Post Your Comments