ന്യൂഡൽഹി: മഥുരയിൽ മഹാക്ഷേത്രം ഉയരണമെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. മഥുര ശ്രീകൃഷ്ണന്റേതാണെന്നും അവിടെ മഹാക്ഷേത്രം നിർമ്മിക്കണമെന്നും ഹേമമാലിനി വ്യക്തമാക്കി. രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി ‘രാമായണം’ എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ അയോദ്ധ്യയിൽ എത്തിയപ്പോഴാണ് ഹേമമാലിനി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. രാമക്ഷേത്രത്തെ എതിർക്കാൻ പ്രതിപക്ഷം മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും ഹേമമാലിനി കുറ്റപ്പെടുത്തി. നമ്മളെല്ലാം ഇന്ത്യക്കാരാണ്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അഭിമാനിക്കണം. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ഹേമമാലിനി അഭ്യർത്ഥിച്ചു.
ക്ഷേത്ര നഗരങ്ങളാണ് മഥുരയും വൃന്ദാവനും. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്, എന്നാൽ കൃഷ്ണ ജന്മസ്ഥലം വർഷങ്ങൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ടു. അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. അതുകൊണ്ടാണ് ആളുകൾക്ക് എതിർപ്പുള്ളത്. ഈ സ്ഥലം ശ്രീകൃഷ്ണന്റേതായതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കണം. ‘ജന്മസ്ഥാൻ’ ശ്രീകൃഷ്ണന്റെ സ്ഥലമാണ്. അവിടെ മനോഹരമായ ഒരു ക്ഷേത്രം ഉണ്ടാകണമെന്ന് ഹേമമാലിനി അഭിപ്രായപ്പെട്ടു.
ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതേസമയം, അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുകയാണെന്നും കോടാനുകോടി ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിറയുന്ന മുഹൂർത്തമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നേ ആചരിക്കേണ്ട മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും താൻ പാലിച്ചുകൊണ്ടിരിക്കുകയാണ്. രാമായണ മാസം ആചരിക്കുന്ന നാടാണ് കേരളം. അതിനാൽ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ക്ഷേത്രങ്ങളിലും സമ്പൂർണ ഭക്തിയോടുകൂടി പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാമ ജ്യോതി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments