Latest NewsKeralaNews

‘കരുവന്നൂര്‍ ബാങ്കിൽ സി.പി.എമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍’; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാട് – ഇ.ഡി റിപ്പോർട്ട്

കൊച്ചി: കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്‍റെ ഇടപാട് പുറത്ത്. കരുവന്നൂര്‍ ബാങ്കിൽ സി.പി.എമ്മിന് 25 രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാടാണ് നടന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.

കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്. മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂ‍ർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

സിപിഎമ്മിന്‍റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്. സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്.

ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോ‍ർട്ടിലുണ്ട്. കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്. നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണ് മൊഴി.

കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറി വെളിപ്പെടുത്തിയത് പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സുനിൽ കുമാറിൻ്റെ മൊഴി ഉൾപ്പെടുന്ന സത്യവാങ്മൂലം ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കെ പി. രാജീവും തൃശൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ എ.സി മൊയ്തീനും പണം അനുവദിക്കാൻ സമ്മർദം ചെലുത്തിയെന്നാണ് സുനിൽ കുമാർ മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button