ശിവകഥകളില്‍ തൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ശിവന്‍ തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്.
ശിവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്.
സതീദേവിയുടെ മരണത്തിനു ശേഷം വൈരാഗിയായിത്തീര്‍ന്ന ശിവന്‍ എല്ലാം മറന്ന് ഒരു ഗുഹയില്‍ ധ്യാനനിരതനായിരിയ്ക്കുകയായിരുന്നു. സതി പാര്‍വതീദേവിയായി അവതാരമെടുത്ത് ശിവന്റെയടുത്തു വന്നെങ്കിലും ശിവനെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞില്ല. ശിവനെ തപസില്‍ നിന്നുണര്‍ത്തി പാര്‍വതിയില്‍ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന് ഭസ്മമാക്കിയത്രെ. ഒരിക്കല്‍ തമാശയ്ക്ക് പാര്‍വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന് പ്രകാശവും ഊര്‍ജവും നല്‍കാന്‍ ശിവന് തൃക്കണ്ണു തുറക്കേണ്ടി വന്നു.
ശിവന്റെ തൃക്കണ്ണില്‍ നിന്നുള്ള ചൂടേറ്റ് പാര്‍വതിയുടെ കയ്യില്‍ നിന്നും വിയര്‍പ്പു കണം ഇറ്റുവീണു. ഇതില്‍ നിന്നും അന്തകന്‍ എന്നൊരു ശിശുവുണ്ടായി. ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന്‍ എടുത്തുവളര്‍ത്തി. ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒരു സ്ത്രീയെ മോഹിച്ചാല്‍ മാത്രമേ തന്റെ മരണം സംഭവിയ്ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകന്‍ നേടി.
ഒരിക്കല്‍ പാര്‍വതിയെ കണ്ട അന്തകന്‍ ദേവിയില്‍ അനുരക്തനായി. പാര്‍വതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്ക്കുകയായിരുന്നു. ആഗ്രഹങ്ങളില്‍ നിന്നുള്ള വിടുതലാണ് തൃക്കണ്ണെന്ന തത്വമാണ് ഈ കഥ വെളിവാക്കുന്നത്.
Post Your Comments