KeralaCinemaMollywoodLatest NewsNewsEntertainment

‘എന്റെ ജാതകത്തിൽ എഴുതിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതില്‍ കൃത്യമായി എല്ലാം എഴുതിയിരിക്കുന്നു’: സലിം കുമാർ

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സലിം കുമാർ. ഇപ്പോഴിതാ ജാതകത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ. എട്ട് മക്കളിൽ ഇളയവനായി ജനിച്ച തനിക്ക് ജാതകം എഴുതിയിരുന്നില്ലെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മൂത്തമകന്റെ ജാതകം എഴുതിക്കുമ്പോള്‍ തനിക്കുമൊരു ജാതകം വേണമെന്ന് തോന്നിയെന്ന് താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘എട്ട് മക്കളില്‍ ഇളയവനായിട്ടാണ് ഞാന്‍ ജനിച്ചത്. എട്ട് മക്കളായത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ജാതകം എഴുതിയിട്ടില്ല. കാരണം അത്രയും പേര്‍ക്ക് എഴുതാന്‍ ഒത്തിരി കാശ് ആവും. ജാതകം പോയിട്ട് ഞങ്ങള്‍ ജനിച്ച സമയം പോലും അമ്മയ്ക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മൂത്തമകന്റെ ജാതകം എഴുതിക്കുമ്പോള്‍ എനിക്കുമൊരു ജാതകം വേണമെന്ന് തോന്നി. അങ്ങനെ അമ്മയോട് പോയിട്ട് എന്റെ ജനനതീയ്യതി ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു, കടയിലെ അമ്പിയുടെ അമ്പത്തിയാറിനാണ് നിന്നെ പ്രസവിച്ചതെന്ന്. അമ്പി എന്ന് പറഞ്ഞാല്‍ എന്റെ വീടിന്റെ അടുത്ത വീട്ടിലുള്ള പെണ്‍കുട്ടിയാണ്. അവളോട് പോയി ചോദിച്ചപ്പോള്‍ അവള്‍ക്കും അറിയില്ല.

അങ്ങനെ ഒരു ദിവസം നടന്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ എനിക്കിങ്ങനെ ജാതകം എഴുതിക്കണമെന്ന് ആഗ്രഹമുള്ളതിനെ കുറിച്ച് പറഞ്ഞു. അതിനെന്താണ്? കംപ്യൂട്ടര്‍ ജാതകമുണ്ട്, കൊടുത്താല്‍ അപ്പോള്‍ കിട്ടുമെന്ന് പുള്ളി പറഞ്ഞു. 1969 ലാണ് ജനനം, കന്നി മാസമാണ്, ആയില്യമാണ് നാളെന്നും പറഞ്ഞു. അങ്ങനെ എനിക്കും കിട്ടി ഒരു ജാതകം. അതില്‍ കൃത്യമായി എഴുതിയിരിക്കുകയാണ് ഞാനൊരു മിമിക്രിക്കാരനാകുമെന്നും സിനിമാക്കാരനാകുമെന്നും ഒക്കെ. ഞാനത് കണ്ട് ഞെട്ടി പോയി. ജാതകത്തിന് ഇത്ര ശക്തിയുണ്ടോന്ന് വിചാരിച്ചു. മോന്റെ ജാതകത്തില്‍ എഴുതിയത് അവന്‍ ശാസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറാവുമെന്ന്. എനിക്കത് കണ്ട് സന്തോഷമായി. അങ്ങനെ ഡോക്ടറാവുമെന്ന് പറഞ്ഞ മോനിപ്പോള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്. അന്ന് എന്റെ ജാതകം എഴുതാന്‍ എളുപ്പമായിട്ടുണ്ടാവും. കാരണം സലിം കുമാറിനൊരു ജാതകം വേണമെന്ന് പറഞ്ഞപ്പോള്‍ ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ’, താരം ചിരിയോടെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button