കൊച്ചി: വൈഗ കൊലക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി സനു മോഹന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. കൊലപാതകം ഉള്‍പ്പടെ ചുമത്തിയ അഞ്ച് വകുപ്പുകളും തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തുവയസുള്ള മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞതാണ് സനു മോഹനെതിരെയുള്ള കുറ്റം. ഐ പി സി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രാകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവ് നശിപ്പിക്കൽ, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് മദ്യം നൽകൽ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. കൊലപാതകത്തിന് ജീവപര്യന്തവും, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് വകുപ്പുകളിൽ 28 വർഷം തടവും വിധിച്ചു. എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയോ എന്നത് വ്യക്തമായിട്ടില്ല. 70 വയസ്സുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.
2021 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകളെയും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയ ഇയാൾ പെൺകുട്ടിയെ മദ്യം നൽകി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ കൂട്ടുന്നത്. കുട്ടിയുമായി പുറപ്പെട്ട ഇയാൾ ആദ്യം കങ്ങരപ്പടിയിലെ തന്റെ ഫ്ലാറ്റിലേക്കാണ് എത്തിയത്. വഴിയിൽ നിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യം കലർത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര.
മദ്യ ലഹരിയിലായിരുന്ന പത്ത് വയസ്സുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് റൂമിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ ചുറ്റിയെടുത്ത് കാറിന്റെ പിൻ സീറ്റിലിട്ട് മുട്ടാർ പഴയിലേക്ക് തിരിച്ചു. രാത്രി 10.30 തോടെ കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ധൂർത്ത് പിടിച്ച ജീവിതം കൊണ്ട് വരുത്തി വെച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനു മോഹൻ, പണം കൊടുക്കാനുള്ള വരെ കബിളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആൾ മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments