കണ്ണൂർ: മുൻസിപ്പൽ കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള റിംഗ്‌റോഡ് പദ്ധതി പ്രതികൂലമായി ബാധിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് നിയമാനുസൃതവും ജനാധിപത്യപരവുമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
Read Also: ലോക നേതാക്കളെയെല്ലാം പിന്നിലാക്കി നരേന്ദ്ര മോദി; താരമായി ഇന്ത്യൻ പ്രധാനമന്ത്രി
ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. അമൃത് പദ്ധതി സംബന്ധിച്ച് കരട് മാസ്റ്റർപ്ലാൻ തയ്യാറാക്കി പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഇപ്രകാരം ലഭിച്ച 1884 ഓളം അപേക്ഷകളിൽ മാസ്റ്റർപ്ലാൻ കമ്മിറ്റി ഹിയറിംഗ് നടത്തി ഭേദഗതികൾ പരിശോധിച്ച് വരികയാണെന്ന് മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
നിലവിൽ കരട് മാസ്റ്റർ പ്ലാൻ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മേൽ കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിന് വിധേയമായി മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ അഡ്വക്കേറ്റ് വി ദേവദാസിനെയും കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയെയും സൂപ്രണ്ടിംഗ് എഞ്ചിനീയറെയും കമ്മീഷൻ നേരിൽ കേട്ടു. ഇരു കക്ഷികളെയും കേട്ടതിൽ പരാതിയിൽ കഴമ്പുള്ളതായി ഉത്തരവിൽ പറയുന്നു.
തളാപ്പ് പ്രദേശത്ത് ഹിയറിംഗ് പൂർത്തിയായിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. പദ്ധതി നടപ്പാക്കിയാൽ നിരവധി പേർക്ക് വാസസ്ഥലം നഷ്ടമാകുമെന്നും ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ തളാപ്പ് ക്ഷേത്രത്തിന് ഭൂമി നഷ്ടമാകുമെന്നും പുരാതനമായ ഓലഞ്ചേരി കാവിലെ പ്രതിഷ്ഠകൾ പൊളിക്കേണ്ടി വരുമെന്നും പരാതിക്കാരൻ അറിയിച്ചു. അമൃത് പദ്ധതി ജനങ്ങൾക്ക് പ്രയോജനകരമായി നടപ്പിലാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെങ്കിലും പദ്ധതി വിഭാവനം ചെയ്യുന്നത് അനുസരിച്ചല്ല കോർപ്പേറേഷൻ നടപ്പാക്കുന്നതെന്നും പരാതിക്കാരൻ വാദിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത നഗരസഭയുടെ നടപടി ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു.
Post Your Comments