ന്യൂഡൽഹി: വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്തുണ അവസാനിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ തീരുമാനം വൻ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിൻഡോസ് 10-നുളള പിന്തുണ പൂർണമായും അവസാനിപ്പിക്കുന്നതോടെ 24 കോടി പേഴ്സണൽ കമ്പ്യൂട്ടറുകളെയാണ് പ്രതികൂലമായി ബാധിക്കുക. കനാലിസ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്തുണ അവസാനിച്ചാലും, വർഷങ്ങളോളം പിസികൾ ഉപയോഗിക്കാനാകും. എന്നാൽ, സുരക്ഷ അപ്ഡേറ്റുകൾ ഇല്ലാത്തതിനാൽ ആവശ്യക്കാരുടെ എണ്ണം വലിയ തോതിൽ കുറയുന്നതാണ്. മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇലക്ട്രോണിക് മാലിന്യങ്ങൾ കുന്നുകൂടാൻ സാധ്യതയുണ്ട്. ഏകദേശം 48 കോടിയോളം കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ഉപഭോക്താക്കൾ ഉടൻ തന്നെ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 11-ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ മൈക്രോസോഫ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, വിൻഡോസ് 11 സപ്പോർട്ട് ചെയ്യാത്ത ഡിവൈസുകൾ ഒഴിവാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 2025 ഒക്ടോബർ മാസത്തോടെ വിൻഡോസ് 10-ന് നൽകുന്ന പിന്തുണ പൂർണമായും പിൻവലിക്കാനാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. തുടർന്ന് നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് അവതരിപ്പിക്കുക.
Also Read: മിഠായി നൽകി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം കോട്ടയത്ത്
Post Your Comments