പണമിടപാട് എളുപ്പത്തിൽ നടത്താൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ് ക്യുആർ കോഡുകൾ. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ, സെക്കന്റുകൾക്കുളളിൽ തന്നെ പണമിടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. എന്നാൽ, ക്യുആർ കോഡിന് പിന്നിലും നിരവധി തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ വളരെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ക്യുആർ കോഡ് സ്കാൻ ചെയ്തതിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അധ്യാപകന് നഷ്ടമായിരിക്കുന്നത് 63,000 രൂപയാണ്.
ബെംഗളൂരു സ്വദേശിയായ അധ്യാപകൻ താൻ ഉപയോഗിച്ചിരുന്ന വാഷിംഗ് മെഷീൻ വിൽക്കാനായി ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് ഒരാൾ താൽപര്യം പ്രകടിപ്പിച്ചതോടെ, വില നിശ്ചയിച്ച് കച്ചവടവും ഉറപ്പിച്ചു. പണം നേരിട്ട് അക്കൗണ്ടിൽ ഇടാമെന്ന് പറഞ്ഞ തട്ടിപ്പുകാരൻ ഇതിനായി ഒരു ക്യുആർ കോഡ് അയച്ചുകൊടുത്ത ശേഷം സ്കാൻ ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത് ചെയ്തതിന് പിന്നാലെ അധ്യാപകന്റെ അക്കൗണ്ടിലെ പണം നഷ്ടമാകുകയായിരുന്നു. ഇതിനു മുൻപും ഇത്തരത്തിലുള്ള നിരവധി കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപരിചിതമായ ക്യുആർ സ്കാൻ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. വാട്സ്ആപ്പ് വഴിയും, സംശയകരമായ ഇമെയിലുകൾ വഴിയും ലഭിക്കുന്ന ക്യുആർ കോഡുകൾ കൂടുതൽ സൂക്ഷിക്കണം.
പ്രത്യേക വെബ്‍സൈറ്റിലേക്ക് എത്തിക്കുന്ന കോഡുകളാണെങ്കില്‍ ആ സെറ്റിന്റെ വിലാസം ശ്രദ്ധിക്കണം. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെബ്‍സൈറ്റുകള്‍ പോലെ നിര്‍മ്മിക്കുന്ന വ്യാജ വെബ്‍സൈറ്റുകള്‍ നിരവധിയാണ്. ഇവയുടെ വിലാസങ്ങളില്‍ പലപ്പോഴും അക്ഷരത്തെറ്റുകളും മറ്റ് വ്യത്യാസങ്ങളും കാണാം. ഇത് ശ്രദ്ധിച്ചാല്‍ തട്ടിപ്പുകള്‍ തിരിച്ചറിയാം. ഫോണുകളില്‍ ഉപയോഗിക്കുന്ന ക്യു.ആര്‍ കോഡ് സ്കാനറുകളും ശ്രദ്ധിക്കണം. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന സ്കാനര്‍ ആപ്പുകള്‍ സുരക്ഷിതമാണെന്ന് നിർബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്.
Post Your Comments